സവർക്കർ എഴുതിയ മാപ്പുകളുടെ ഓർമപ്പെടുത്തലായി പുതിയ പാർലമെന്‍റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം മാറും: ബിനോയ് വിശ്വം

single-img
22 May 2023

വി ഡി സവർക്കറുടെ ജന്മദിനത്തിൽ രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ബ്രിട്ടീഷ്കാരായ യജമാനന്മാർക്ക് സവർക്കർ എഴുതിയ മാപ്പെഴുത്തുകളുടെ ഓർമപ്പെടുത്തലായി പുതിയ പാർലമെന്‍റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം മാറും എന്ന് അദ്ദേഹം പരിഹസിച്ചു.

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും ആദർശങ്ങൾക്ക് പകരം ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഹിന്ദുത്വ അജണ്ടയാണ് ഈ തീരുമാനം വഴി വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദി പാർലമെന്റിന്റെ തലവനല്ല. കേന്ദ്രത്തിലെ സർക്കാറിന്റെ തലവനാണ്. അധികാര വിഭജനത്തിന്റെ നഗ്നമായ ലംഘനമാണത്. സ്വത​ന്ത്ര ഇന്ത്യയുടെ സ്ഥാപക നേതാക്കളുടെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയവരുടെയും ത്യാഗപരിശ്രമങ്ങളെ തള്ളിക്കളയുന്നതാണ് കേന്ദ്ര തീരുമാനം.

മഹാത്മ ഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, എ.കെ.ജി, ഇന്ദ്രജിത് ഗുപ്ത എന്നിവരുടെ പ്രതിമകൾ പുതിയ പാർലമെന്റിൽ എവിടെ സ്ഥാപിക്കുമെന്നും ബിനോയ് വിശ്വം ചോദിച്ചു.