തമിഴ്‌നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ;മന്ത്രി കെ പൊന്മുടിയുടെ വീടടക്കം 9 ഇടങ്ങളിൽ പരിശോധന

single-img
17 July 2023

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ  പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് പരിശോധന. രാവിലെ ഏഴ് മണി മുതലാണ് പരിശോധന തുടങ്ങിയത്. മന്ത്രി കെ  പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്. സിആർപിഎഫിന്റെ സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്.

മന്ത്രി സെന്തിൽ ബാലാജിക്കെതിരായ നടപടികൾക്ക് പിന്നാലെയാണ് തമിഴ്നാട്ടിൽ മന്ത്രി കെ പൊന്മുടിക്കെതിരെയും ഇഡി നടപടി തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ ബെംഗളൂരുവിലേക്ക് പ്രതിപക്ഷ യോഗത്തിന് പോയതിന് പിന്നാലെയാണ് നടപടി. എന്നാൽ ഏത് കേസിലാണ് അന്വേഷണമെന്ന് വ്യക്തമല്ല. മന്ത്രിക്കെതിരെ പത്ത് വർഷത്തിലേറെ പഴക്കമുള്ള കേസുകൾ നിലവിലുണ്ട്. ഇവയിൽ രണ്ട് കേസുകളിൽ അടുത്തിടെ ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഖനിവകുപ്പ് അഴിമതി കേസിൽ അദ്ദേഹത്തിനെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ മകനും എംപിയുമായ ഗൗതം ശിവമണിക്കെതിരെയും കേസുകൾ നിലവിലുണ്ട്. കള്ളക്കുറിച്ചി ലോക്സഭാ എംപിയാണ് ഇദ്ദേഹം. റെയ്ഡ് നടക്കുന്ന വീട്ടിൽ മന്ത്രിയും മകനുമുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വസതിയടക്കം ഒൻപത് ഇടത്തും അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ലയാണ് വിഴുപ്പുറം ജില്ല. ഇവിടെ നിന്നുള്ള ഏറ്റവും ശക്തനായ നേതാവാണ് കെ പൊന്മുടി. മുൻപ് കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം ആ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. ആറ് തവണയാണ് ഇദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വന്നിയ സമുദായത്തിന് സ്വാധീനമുള്ള ജില്ലയാണ് വിഴുപ്പുറം. ഇവിടെ ഉടയാർ സമുദായംഗമായ പൊന്മുടി സ്വധീനം ഉറപ്പിക്കുകയായിരുന്നു. 1989 ന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. സിബി ഷൺമുഖം എന്ന അണ്ണാ ഡിഎംകെ നേതാവിന്റെ ശക്തികേന്ദ്രമായ ജില്ലയെ ഡിഎംകെ അനുകൂലമാക്കിയത് പൊന്മുടിയുടെ നേതൃത്വത്തിലുള്ള ഇടപെടലിലൂടെയായിരുന്നു.

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യ നീക്കത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം സ്റ്റാലിൻ നടത്തുന്നുണ്ട്. അതിനാൽ തന്നെ സ്റ്റാലിനെതിരായ നീക്കമായാണ് ഈ റെയ്ഡുകൾ വിലയിരുത്തപ്പെടുന്നത്. റെയ്ഡ് വിവരമറിഞ്ഞ് നിരവധി ഡിഎംകെ പ്രവർത്തകർ വീട്ടിന് മുന്നിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റെയ്ഡെന്നാണ് പ്രവർത്തകരുടെ പരാതി.