മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം

single-img
28 April 2023

മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്.

സര്‍ക്കാര്‍ അപമാനിച്ചുവെന്നാണ് ഗോത്രവര്‍ഗ സംഘടന പറയുന്നത്..

സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്നും ജില്ലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയുള്ള ജില്ലയാണ് ചുരാചാന്ദ്പൂര്‍. ഇവിടെ ഒരു ജിമ്മും കായിക കേന്ദ്രവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. പരിപാടി റദ്ദാക്കിയോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജനക്കൂട്ടം ഉദ്ഘാടനസദസ്സിലെ കസേരകള്‍ തല്ലിപ്പൊട്ടിക്കുന്നതും മറ്റ് സാധനങ്ങള്‍ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി സര്‍ക്കാര്‍ സംരക്ഷിത വനങ്ങളും തണ്ണീര്‍ത്തടങ്ങള്‍ പോലുള്ളവയും സര്‍വേ ചെയ്യുന്നതിനെ എതിര്‍ക്കുന്ന ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പവിത്രമായ ഒന്നിനോട് യാതൊരു പരിഗണനയും ബഹുമാനവുമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പള്ളികള്‍ തകര്‍ത്തതെന്ന് ഫോറം ആരോപിക്കുന്നു. ഗോത്രവിഭാഗങ്ങളോട് സര്‍ക്കാരിന് ചിറ്റമ്മനയമാണെന്ന് ആരോപിച്ച്‌ കുകി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷനും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികളോട് നിസ്സഹകരണ സമീപനം തുടരാനാണ് ഇരുസംഘടനകളുടെയും തീരുമാനം. അനധികൃതനിര്‍മ്മാണമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍‌ കഴിഞ്ഞമാസം മണിപ്പൂരില്‍ മൂന്ന് പള്ളികള്‍ പൊളിച്ചത്.