ബഫര്‍സോണ്‍ മേഖലകളിലെ വിവര ശേഖരണത്തിന് ഉപഗ്രഹസര്‍വേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തും; മുഖ്യമന്ത്രി

single-img
29 August 2022

തിരുവനന്തപുരം: ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച്‌ വിവര ശേഖരണത്തിന് ഉപഗ്രഹസര്‍വേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച്‌ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫര്‍സോണ്‍ വരുന്നത്. ഇവയുടെ യഥാര്‍ത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധസമിതി രൂപീകരിച്ചത്.