ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ സമരവുമായി ഐഎംഎ

single-img
5 March 2023

ചികിത്സ വൈകിയെന്ന് ആരോപിച്ച്‌ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ സമരവുമായി ഐഎംഎ.

നാളെ രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ കോഴിക്കോട് ജില്ലയിലെ
സ്വകാര്യ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു. സമരവുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഐഎംഎ നേതാക്കള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പികെ അശോകനാണ് മര്‍ദനമേറ്റത്.

ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സുരക്ഷിതമായി തൊഴില്‍ ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്ന്‌
ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മര്‍ദനത്തില്‍ നടപടിയില്ലെങ്കില്‍ അനശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. കേസ് എടുക്കുന്ന കാര്യത്തില്‍ അലംഭാവം ഉണ്ടായതായി ഡോക്ടര്‍മാര്‍ ആരോപിച്ചു.

അതേസമയം, ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു.പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും അമ്മയ്ക്ക് ചികിത്സ വൈകിപ്പിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. സിടി സ്‌കാന്‍ റിസള്‍ട്ട് ലഭിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ആശുപത്രിയുടെ ഏഴാം നിലയിലുള്ള നഴ്‌സിങ് കൗണ്ടറിന്റെ ചില്ലും സമീപത്തെ ചെടിച്ചട്ടികളും അടിച്ചു തകര്‍ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനു പിന്നാലെ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി.