പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാം; തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നതായി നിതിന്‍ ഗഡ്കരി
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന ഒരു നേതാവ് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. എന്നാൽ തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചെന്നും ഗഡ്കരി പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ് പൂരില്‍ മാധ്യമ പുരസ്കാര ചടങ്ങിനിടെയാണ് ഗഡ്കരി ഈ കാര്യം പറഞ്ഞത്. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്‍റെ പേരോ സന്ദര്‍ഭമോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇപ്പോൾ മൂന്നാം മോദി മന്ത്രിസഭയിലെ അംഗമാണ് നിതിൻ ഗഡ്കരി.
നിതീഷ് കുമാറിന്റെയും നവീൻ പട്നായിക്കിന്റെയും ഉൾപ്പെടെ പിന്തുണയോടെയാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിൽ തുടരുന്നത്. പ്രതിപക്ഷ നിരയിലുണ്ടായിരുന്ന നിതീഷ് കുമാറടക്കം മറുകണ്ടം ചാടിയതോടെയാണ് മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ സാഹചര്യത്തിലാണ് നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തൽ കൂടുതൽ ശ്രദ്ധനേടുന്നത്.