വിജിലന്‍സ് പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെങ്കിൽ കെ ‌എം ഷാജി 94.7 ലക്ഷം രൂപയുടെ ജാമ്യം നല്‍കണം

single-img
11 October 2023

പ്ലസ്ടു കോഴക്കേസിൽ വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന ഹൈക്കോടതി വിധി മുസ്ലിംലീ​ഗ് നേതാവ് കെ എം ഷാജിക്ക് സാമ്പത്തികമായും നിയമപരമായും ബാധ്യതയാകുമെന്ന് വിലയിരുത്തൽ. വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയുടെ കറന്‍സി വിട്ടുകിട്ടാന്‍ 94.7 ലക്ഷം രൂപയുടെ ജാമ്യം നല്‍കണം.

ഇതോടൊപ്പം, പിടിച്ചെടുത്ത കറന്‍സിയുടെ ഉറവിടം, അസ്വഭാവികമായ ആദായനികുതി, തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകളുമായി പൊരുത്തക്കേട് തുടങ്ങിയവ കെഎം ഷാജിക്ക് നിയമപരമായ ബാധ്യതയും സൃഷ്ടിക്കും. റെയ്ഡിലൂടെ വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ വിട്ടുകിട്ടാന്‍ കര്‍ശന ഉപാധികളാണ് ഹൈക്കോടതി കെ എം ഷാജിക്ക് നല്‍കിയത്.

തുല്യതുകയുടെ ദേശസാല്‍കൃത ബാങ്ക് ഗാരന്റി, തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യം, വിചാരണ കോടതിയുടെ മുന്നില്‍ നല്‍കേണ്ടിവരുന്ന ഇരട്ടി തുകയുടെ ജാമ്യം. ബാങ്ക് ഗാരന്റിക്ക് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജ്ജ് പ്രത്യേകം എന്നിവ കെ എം ഷാജി നൽകണം.

കെഎം ഷാജിക്ക് മേല്‍ വരുന്ന നിയമപരമായ ബാധ്യതകളാണ് അടുത്തത്. പിടിച്ചെടുത്ത കറന്‍സിയുടെ ഉറവിടം വിചാരണകോടതിക്ക് ബോധ്യപ്പെടണം. നികുതി നല്‍കാനുള്ള വരുമാനം ഇല്ലെന്നാണ് 2015 -2016, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണില്‍ കാണിച്ചത്.

നികുതി ബാധ്യതയില്ലെന്ന് കാണിച്ചതിന്റെ തൊട്ടടുത്ത സാമ്പത്തിക വര്‍ഷം കെഎം ഷാജി നികുതി നല്‍കിയത് 10.47 ലക്ഷം രൂപ. ഇത്രയും തുക പെട്ടെന്ന് നികുതി ബാധ്യതയായി വരുന്നത് ആശ്ചര്യകരമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.