ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താമെങ്കില്‍ ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാമായിരുന്നു; സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ

single-img
31 January 2023

ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച്‌ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താമെങ്കില്‍ ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാമായിരുന്നുവെന്നാണ് രാജ പറയുന്നത്.

സമ്മേളനത്തില്‍ സിപിഐ പങ്കെടുത്തത് രാഷ്ട്രീയ പക്വത മൂലമാണെന്ന് രാജ പറഞ്ഞു.ഐക്യം, മതസൗഹാര്‍ദം എന്നിവ ഉറപ്പിക്കാനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുമുള്ള യാത്രയായിരുന്നു രാഹുലിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ട് പ്രതിപക്ഷകക്ഷി നേതാക്കളാണു ജോഡോ യാത്രയുടെ സമാപനത്തില്‍ പങ്കെടുത്തത്. സിപിഎമ്മിനെ കോണ്‍ഗ്രസ് ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. ഈ സാഹചര്യത്തില്‍ രാജയുടെ വിമര്‍ശനത്തിന് പ്രസക്തിയേറെയാണെന്നാണ് വിലയിരുത്തല്‍.

ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണയിലാണ് മത്സരിക്കുന്നത്. എന്നാല്‍, നാലിടത്ത് സൗഹൃദമത്സരം നടക്കും. 17 സീറ്റുകളിലാണു കോണ്‍ഗ്രസ് മത്സരിക്കുന്നത്. സിപിഎം 43 സീറ്റുകളില്‍ മത്സരിക്കും. സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ക്ക് ഓരോ സീറ്റ് നല്‍കി. ഒരു സീറ്റില്‍ സ്വതന്ത്രനാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാര്‍ മത്സരത്തിനില്ല.