ഇത് ദരിദ്രവിരുദ്ധ ബജറ്റ്; എനിക്ക് അര മണിക്കൂർ തന്നാൽ പാവപ്പെട്ടവർക്കായി ഒരു ബജറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് ഞാൻ കാണിച്ചുതരാം: മമത ബാനർജി

single-img
1 February 2023

2023-2024 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഏതാനും ചില നികുതി ഇളവുകൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി കേന്ദ്രത്തിന്റെ നടപടികളെ ‘ജനവിരുദ്ധ’മാണെന്ന് വിമർശിച്ചു. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ബോൾപൂരിൽ സർക്കാർ പരിപാടിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

“തൊഴിലില്ലാത്തവർക്കായി ബജറ്റ് ഒന്നും അഭിസംബോധന ചെയ്തില്ല. നിലവിലുള്ള ജോലികളെല്ലാം ഇപ്പോൾ കേന്ദ്രസർക്കാർ നീക്കം ചെയ്യുകയാണ്. അവർ എല്ലാം വിൽക്കുന്നു, സർക്കാർ ആസ്തികൾ വിറ്റഴിക്കുന്നു, ഈ ബജറ്റ് ഭാവിയുടേതല്ല, മറിച്ച് തികച്ചും അവസരവാദപരമാണ്. ഈ ബജറ്റിൽ അമാവാസിയുടെ ഇരുട്ടല്ലാതെ പ്രതീക്ഷയുടെ കിരണമില്ല. തികച്ചും ദരിദ്രവിരുദ്ധ ബജറ്റ്. ഇത് ദരിദ്രരെ അവഗണിച്ചു,” പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം നികുതി ഇളവ് ആരെയും സഹായിക്കില്ലെന്ന് അവർ അവകാശപ്പെട്ടു. “എനിക്ക് അര മണിക്കൂർ തരൂ, പാവപ്പെട്ടവർക്കായി ഒരു ബജറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് ഞാൻ കാണിച്ചുതരാം,” അവർ പറഞ്ഞു .