തൃശൂർ എടുക്കുമെന്നല്ല, നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്: സുരേഷ് ഗോപി

single-img
12 September 2023

താൻ തൃശ്ശൂര്‍ എടുക്കുമെന്നല്ല, നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് നടന്‍ സുരേഷ് ഗോപി. ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെപ്പറ്റി പരാമർശിച്ചപ്പോഴാണ് ഉദ്ഘാടകനായ സുരേഷ് ഗോപിയുടെ വിശദീകരണം.

‘തൃശൂർ‌ നിങ്ങൾ തരികയാണെങ്കിൽ തൃശൂരിനെ ഇഷ്ടപ്പെടുന്ന താൻ അത് എടുക്കുമെന്നാ’ണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ‘ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുരേഷ് ഗോപിയുടെ വാക്കുകളാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഇങ്ങനെ പറഞ്ഞത്.

നാടകങ്ങളിൽ ഇപ്പോൾ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയ തള്ളുകൾ ഉത്സവങ്ങളായി നാടകങ്ങൾ മാറുമ്പോഴല്ലേ പ്രേക്ഷകർ അതിൽ നിന്ന് അകലുന്നതെന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാടകങ്ങളിൽ ഉള്ള ദൈവനിഷേധം വേദനിപ്പിച്ചിരുന്നില്ല. എന്നാൽ, പ്രത്യേക ഉന്നം വച്ച് മലീമസമായ ഹൃദയത്തോടെ ദൈവത്തെ കുറ്റം പറയുന്നതിന് മാപ്പില്ല, വിശ്വാസികളുടെ തുമ്മലിൽ നിങ്ങൾക്കു പിടിച്ചു നിൽക്കാനാവില്ലെന്ന് ഓർമയിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.