വോട്ട് തേടാന്‍ സഹായിച്ചില്ലെങ്കില്‍ ഞാൻ തിരുവനന്തപുരത്തേക്ക് പോകും; ബിജെപി പ്രവര്‍ത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി

single-img
9 March 2024

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോള്‍ ആളു കുറഞ്ഞതില്‍ ബിജെപി പ്രവര്‍ത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി. ഇന്ന് രാവിലെ ശാസ്താംപൂവം ആദിവാസി കോളനിയിലെത്തിയപ്പോഴാണ് ബൂത്ത് ഏജന്റുമാരോട് കയര്‍ത്തത്. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും എണ്ണം കുറഞ്ഞതോടെയാണ് സൂപ്പര്‍സ്റ്റാര്‍ രോഷാകുലനായത്.

ഉടൻതന്നെ സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങിയ സ്റ്റാര്‍ പൊളിറ്റീഷ്യന്‍ ബിജെപി ബൂത്ത് ഏജന്റുമാരുടെ പ്രവര്‍ത്തനത്തേയും വിമര്‍ശിച്ചാണ് രംഗം വിട്ടത്. വോട്ടുതേടാനായി കോളനിയിലെ ആളുകളെ കാണാന്‍ സാധിക്കാത്തതിനും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തതിലും ബൂത്ത് ഏജന്റ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ കാറിലിരുന്ന് തന്നെ സുരേഷ് ഗോപി ശകാരിച്ചു.

എന്താണ് ബൂത്തിന്റെ ജോലി. എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യേണ്ട പൗരന്‍ അവിടെ ഉണ്ടാകേണ്ടേ. നമ്മള്‍ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മള്‍ അവര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കില്‍ നാളെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവര്‍ത്തിച്ചോളാം.

അടുപ്പിക്കാത്ത സ്ഥലത്തേയ്ക്ക് എന്തിനാണ് തന്നെ കൊണ്ടുവന്നത് എന്ന് ചോദിച്ച സുരേഷ് ഗോപി സ്ഥലത്തെ ബൂത്ത് ഏജന്റുമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്താണ് ജോലിയെന്നും ചോദിച്ചു. വോട്ട് തേടാന്‍ തന്നെ സഹായിച്ചില്ലെങ്കില്‍ താന്‍ തിരുവനന്തപുരത്തേയ്ക്കു പോകുമെന്ന താക്കീതും സുരേഷ് ഗോപി പ്രവര്‍ത്തകര്‍ക്ക് നല്‍കി. നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നും താന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും അവിടെപോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവര്‍ത്തിച്ചോളാമെന്നും തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി പരിഭവിച്ചു. ഇത് തനിക്ക് ഒരു താല്‍പര്യവുമില്ലെന്നും ഭയങ്ക കഷ്ടമാണ് ഇത് കേട്ടോ എന്നും സ്ഥാനാര്‍ത്ഥി പരിഭവിച്ചതോടെ ബിജെപി പ്രവര്‍ത്തകര്‍ അനുനയ ശ്രമം നടത്തി.

ഇവിടെയുള്ള 25 പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന വിവരം അറിഞ്ഞതോടെയാണ് സുരേഷ് ഗോപി രോഷാകുലനായത്. ഇന്നുതന്നെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേര്‍ക്കാമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ സമാധാനിപ്പിച്ചു. വനിതാ പ്രവര്‍ത്തകരോട് ഉള്‍പ്പെടെയാണ് സുരേഷ് ഗോപി കാറിലിരുന്ന് ദേഷ്യപ്പെട്ടത്.