ഇറാന്റെ പരമോന്നത നേതാവാകാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു വേണ്ടാ.. നന്ദി : ട്രംപ്

single-img
26 March 2026

ഇറാനുമായി ബന്ധപ്പെട്ട് വിചിത്രമായ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരമോന്നത നേതാവാകാൻ ഇറാൻ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ട്രംപിന്റെ പ്രസ്താവന. “ഇറാന്റെ പരമോന്നത നേതാവാകാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു വേണ്ടാ.. നന്ദി” . എന്നായിരുന്നു ട്രംപിന്റെ പരാമർശം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് ശേഖരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ വിചിത്രവാദം.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടുത്ത പരമോന്നത നേതാവാകാനുള്ള ആശയം അനൗപചാരികമായി അവർ മുന്നോട്ടുവച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്നാണ് പറഞ്ഞത്. ഇറാന്റെ ഭരണനേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താനായാണ് അവർ തന്നെ സമീപിച്ചതെന്നാണ് ട്രംപ് പറയുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഖമനേയിയുടെ മരണത്തോടെ ഇറാനിൽ ഭരണരംഗത്ത് ശൂന്യത നിലനിക്കുന്ന സാഹചര്യമുണ്ട്. അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പിന്നീട് പിൻഗാമിയായി തെരഞ്ഞെടുത്തു. എന്നാൽ യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രണത്തിൽ പരിക്കേറ്റ് മൊജ്തബ ചികിത്സയിലാണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ വിചിത്രമായ വാദം.