ഗാന്ധി കുടുംബത്തെ കാണാന്‍ അവസരമുണ്ടായാല്‍ കാണണമെന്നുണ്ട്;രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞ് നളിനി

single-img
13 November 2022

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നളിനി നന്ദി പറഞ്ഞു.

ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസില്‍ നളിനി ജയില്‍ മോചിതയായത്. വിട്ടയക്കാന്‍ പ്രമേയം പാസാക്കിയ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു. അതേസമയം ഗാന്ധി കുടുംബത്തെ കാണാന്‍ മടിയുണ്ടെന്ന് നളിനി വാ‍ര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗാന്ധി കുടുംബത്തെ കാണാന്‍ അവസരമുണ്ടായാല്‍ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ല. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ വധത്തെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നളിനി പറഞ്ഞു.

ഭര്‍ത്താവ് മുരുകന്‍ തന്നോടൊപ്പം രാജ്യത്ത് താമസിക്കണമെന്നാണ് ആഗ്രഹം. യുകെയില്‍ ഉള്ള മകളെ കാണാന്‍ പോകണമെന്നുണ്ട്. മകള്‍ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറാണ്. താനും മുരുകനും ഒപ്പമുണ്ടാകണമെന്നാണ് മകളുടെ ആഗ്രഹം. അതിനാല്‍ എമര്‍ജന്‍സി വീസയും പാസ്പോര്‍ട്ടും കിട്ടാന്‍ ശ്രമിക്കുന്നുണ്ടെന്നും നളിനി പറഞ്ഞു. എന്നാല്‍ എല്‍ടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരന്‍ വധത്തെപ്പറ്റി പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. ഭാവിയെപ്പറ്റി വലിയ പദ്ധതികളില്ലെന്നും, കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണമെന്നും നളിനി കൂട്ടിച്ചേ‍ര്‍ത്തു.

രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇവരെ മോചിപ്പിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്‌പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.