സിദ്ധരാമയ്യയുടെ പേരില്‍ രാമനുണ്ട്; എന്റെ പേരില്‍ ശിവനുണ്ട്; ആരും ഞങ്ങളെ ഒന്നും പഠിപ്പിക്കേണ്ട: ഡികെ ശിവകുമാർ

single-img
21 January 2024

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം സംസ്ഥാനത്തിന് പൊതു അവധി പ്രഖ്യാപിക്കില്ലെന്ന കർണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ . തങ്ങളുടെ ഭക്തിയോ മതമോ പരസ്യമാക്കില്ല. സിദ്ധരാമയ്യയുടെ പേരില്‍ രാമനുണ്ട്, എന്റെ പേരില്‍ ശിവനുണ്ട്. ആരും ഞങ്ങളെ ഒന്നും പഠിപ്പിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യേണ്ടതില്ല. ഞങ്ങള്‍ ഞങ്ങളുടെ കടമ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കാത്തതിന് കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി വിമര്‍ശനം കടുപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ‘ഞങ്ങളുടെ ഭക്തി, ഞങ്ങളുടെ ബഹുമാനം, ഞങ്ങളുടെ മതം… ഞങ്ങള്‍ അത് പരസ്യമാക്കില്ല. ആരും ഞങ്ങളോട് ഇത് ചോദിച്ചില്ല, പക്ഷേ ഞങ്ങളുടെ മന്ത്രിമാര്‍ ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന ഫലം ചെയ്യും. എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

നിലവിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ബിജെപി ഭരിക്കുന്ന കേന്ദ്രമാണ് ആരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.