‘മദ്യപാനം വേണ്ടെന്ന് വച്ചു’; കുടുംബമാണ് കാരണം, ചികിത്സയും നടത്തി: ധർമജൻ ബോൾഗാട്ടി

താൻ മദ്യപാനം ഉപേക്ഷിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. മദ്യപാനം നിർത്തുന്നതിനായി ചികിത്സ നടത്തിയിരുന്നുവെന്നും ധർമജൻ വെളിപ്പെടുത്തി. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നുപറഞ്ഞത്.
മദ്യപാനം ഉപേക്ഷിക്കാനുള്ള പ്രധാന കാരണം കുടുംബമാണെന്ന് ധർമജൻ പറഞ്ഞു. ഭാര്യയ്ക്ക് മദ്യപാനം ഇഷ്ടമല്ലായിരുന്നെന്നും ഭാര്യയുടെ കുടുംബത്തിലും മദ്യപിക്കുന്നവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മക്കൾ വളർന്നതും തീരുമാനത്തിന് കാരണമായതായി ധർമജൻ പറഞ്ഞു.
“മദ്യപാനം വേണ്ടെന്ന് വച്ചു. ഒന്നാമത്തെ കാരണം കുടുംബം തന്നെയാണ്. രമേശ് പിഷാരടി ആവശ്യത്തിന് കഴിച്ചാൽ മതിയെന്ന് പറയുമായിരുന്നു. വീട്ടിൽ ഭാര്യയ്ക്ക് ഇഷ്ടമല്ല. ഭാര്യയുടെ വീട്ടിൽ ആരും കഴിക്കുന്നവരുമില്ല. അങ്ങനെയൊക്കെ വന്നപ്പോൾ ഞാൻ വേണ്ടെന്ന് വച്ചു. പിന്നെ പ്രായവും. കഴിഞ്ഞ 23-ാം തീയതി എന്റെ അമ്പതാമത്തെ ജന്മദിനമായിരുന്നു. ആവശ്യത്തിനൊക്കെ എല്ലാമായി നടന്നിട്ടുണ്ട്. ഇനിയൊന്ന് നന്നാവട്ടെ. പിള്ളേരും വലുതായി. രണ്ട് പെൺകുട്ടികളാണ്. അതാണ് പ്രധാന കാരണം. സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി,” ധർമജൻ പറഞ്ഞു.
മദ്യപാനം ഉപേക്ഷിക്കുന്നതിനായി ചികിത്സ നടത്തിയിരുന്നുവെന്നും നടൻ വ്യക്തമാക്കി. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന രീതിയിലുള്ള ആളായിരുന്നില്ലെന്നും ധർമജൻ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം കൂടുമ്പോൾ മദ്യപിക്കുന്ന ശീലമായിരുന്നുവെന്നും സിനിമാ മേഖലയിലെത്തിയ ശേഷവും ഇത് തുടർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നടൻ ബിബിൻ ജോർജിന്റെ കട ഉദ്ഘാടനത്തിന് മദ്യപിച്ചാണ് എത്തിയതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആരോപണങ്ങളും ധർമജൻ തള്ളി. തിരക്കിട്ട് ഇറങ്ങുന്നതിനിടെ ഷർട്ടിന്റെ ബട്ടണുകൾ തെറ്റായ രീതിയിലാണ് ഇട്ടിരിക്കുന്നതെന്ന് ശ്രദ്ധിച്ചിരുന്നില്ലെന്നും ഇതാണ് സോഷ്യൽ മീഡിയയിൽ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതെന്നും ധർമജൻ പറഞ്ഞു.


