പദവിക്കുവേണ്ടി വീടു കയറി തുടങ്ങിയ ആളല്ല: രാഹുൽ മാങ്കൂട്ടത്തിൽ

single-img
26 November 2025

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ സസ്പെൻഷനിളായ താൻ കോൺഗ്രസ് നേതാക്കൾ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നുണ്ടെന്ന് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. സസ്പെൻഷനിലുള്ള ആൾ പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്നാണ് നേതാക്കൾ പറഞ്ഞതെന്നും താൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരൻ, കെസി വേണുഗോപാൽ, വിഡി സതീശൻ എന്നിവരെല്ലാം തന്റെ നേതാക്കളാണെന്നും അവർ പറയുന്നത് അനുസരിക്കുന്നുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിക്കാൻ കഷ്ടപ്പെട്ടവർക്കായാണ് വോട്ട് തേടി വീടു കയറുന്നതെന്നും അവരുടെ ആവശ്യം നിറവേറ്റേണ്ട ബാധ്യത രാഷ്ട്രീയമായി തനിക്കുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പദവിക്കുവേണ്ടി വീടു കയറി തുടങ്ങിയ ആളല്ല. വോട്ടില്ലാത്ത കാലത്ത് പാർട്ടിയുടെ പ്രചാരണത്തിനായി വീടു കയറിയ ആളാണ്. ആ ശീലം രണ്ടു കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം തുടരും. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും അത് തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സസ്പെൻഷൻ കാലത്ത് പാലിക്കേണ്ട അച്ചടക്കം പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.