കേരളം കണ്ട വലിയ അഴിമതി; സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ള: രമേശ് ചെന്നിത്തല

single-img
27 April 2023

കേരളാ സർക്കാരിനെതിരെ അഴിമതിയാരോപണം ശക്തമാക്കി രമേശ് ചെന്നിത്തല . സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ളയെന്നും കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ചട്ടങ്ങളെ കാറ്റിൽ പറത്തിയുള്ള ക്രമക്കേടുകളാണ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായത്.

സേഫ് കേരളാ പദ്ധതിക്ക് അനുമതി നൽകി ഏപ്രിൽ 12 ന് ക്യാബിനറ്റ് ഉത്തരവ് തന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നൽകുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ട ശേഷം അനുമതി നൽകിയത് ക്യാബിനറ്റിന്റെ വലിയ പിഴയാണ്.
കരാർ റദ്ദ് ചെയ്ത് ഉത്തരവാദികളെ ശിക്ഷിക്കുകയല്ലേ ക്യാബിനറ്റ് ചെയ്യേണ്ടിയിരുന്നതെന്ന ചോദ്യവും ചെന്നിത്തല ഉയർത്തി.

അതേസമയം, മന്ത്രി പി രാജീവ് കൊള്ളയെ വെള്ളപൂശാനാണ് ശ്രമിച്ചത്. കള്ളന്മാർക്ക് കവചമൊരുക്കുകയാണ് മന്ത്രി. എഐ ക്യാമറാ പദ്ധതിയുമായി ബന്ധപ്പെട്ട നാല് രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. 75.32 കോടിയാണ് പദ്ധതി നടപ്പിലാക്കാൻ വേണ്ടത്. രേഖകൾ അനുസരിച്ച് 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണുള്ളത്. കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം.

ശിവശങ്കറിന് സർക്കാരിൽ ഉണ്ടായിരുന്നതിനേക്കാൾ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. പ്രസാദിയോ എന്ന കമ്പനിയെ കുറിച്ച് അന്വേഷണം വേണം. ഈ കമ്പനിക്ക് വിദേശത്ത് ബിസിനസ് ഉണ്ടെന്ന് പറയുന്നു അന്വേഷണത്തിൽ ഒന്നുമില്ലെന്ന് വ്യക്തമായി. കമ്പനിയുടെ ഉടമ രാംജിത്ത് ആരാണ്, മുഖ്യമന്ത്രിയുമായി എന്ത് ബന്ധം, എത്രതവണ ക്ലിഫ് ഹൗസ് സന്ദർശിച്ചുവെന്നതടക്കമുള്ള വിവരങ്ങളെല്ലാം പുറത്ത് വരണമെന്നും ചെന്നിത്തല പറഞ്ഞു.