കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വന്‍ ഡീസല്‍ വെട്ടിപ്പ്

single-img
20 February 2023

നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചപ്പോഴാണ് ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തുന്നത്.

കുറവ് കണ്ടെത്തിയതോടെ അടുത്ത ഡീസല്‍ ടാങ്കില്‍ ബാക്കി ഡീസലെത്തിച്ചു.

നെടുമങ്ങാട് എംഎസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് ആയിരം ലിറ്റര്‍ വെട്ടിപ്പിലൂടെ നഷ്ടമാകുന്നത്.

മാസങ്ങളായി നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലില്‍ കുറവുണ്ടെന്നാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പരാതി. എന്നാല്‍ ഈ പരാതി അധികൃതര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. നെടുമങ്ങാട് ഡിപ്പോയിലെ വണ്ടികള്‍ക്ക് മൈലേജ് കുറവാണെന്നും ഡ്രൈവര്‍മാരുടെയും മെക്കാനിക്കുമാരുടെയും പിടിപ്പുകേടുകൊണ്ടാണെന്നുമാണ് അധികൃതര്‍ ആരോപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ക്കടക്കം ബോധവത്ക്കരണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസമെത്തിച്ച ഡീസലില്‍ ആയിരം ലിറ്റര്‍ കുറവ് കണ്ടെത്തിയത്.