വന്യജീവി ആക്രമണങ്ങള്‍; എത്ര രക്തസാക്ഷികള്‍ ഉണ്ടായാല്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കും: മാത്യു കുഴല്‍നാടന്‍

single-img
5 March 2024

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. എത്ര രക്തസാക്ഷികള്‍ ഉണ്ടായാല്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കുമെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

മറ്റെല്ലാ കാര്യങ്ങളും മാറ്റി നിര്‍ത്തി സര്‍ക്കാര്‍ വന്യ ജീവി പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കേരളത്തിൽ വന്യജീവി ആക്രമണത്തില്‍ ഇന്ന് രണ്ടു മരണം കൂടിയാണ് സംഭവിച്ചത്. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്.

കോഴിക്കോട് ജില്ലയിലെ കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ട് അബ്രഹാം (62) ആണ് മരിച്ചത്. തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൃശ്ശൂര്‍ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സയും (62) മരിച്ചു.

കൃഷിയിടത്തില്‍വെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂര്‍ വാച്ച്മരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്.