യഹൂദന്മാരെ വേട്ടയാടിയ ഹിറ്റ്ലറിന്റെ നയത്തെ ലോകത്ത് അംഗീകരിച്ചത് ആർഎസ്എസ്: മുഖ്യമന്ത്രി

single-img
10 April 2023

ഇന്ത്യയിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുപിഎ സർക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ എംസി ജോസഫൈൻ അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കമ്യൂണിസ്റ്റിന് വേണ്ട എല്ലാവിധ മൗലിക ഗുണങ്ങളും ജോസഫൈൻ എന്ന നേതാവിനുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബിജെപി സ്വീകരിക്കുന്ന നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്. ഈ പ്രവൃത്തിക്ക് തുടക്കം കുറിച്ചത് കോൺഗ്രസാണെന്നും നയത്തിൽ മാറ്റം വരുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആർഎസ്എസ് ഒരിക്കലും മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ പിണറായി വിജയൻ മത രാഷ്ട്രമാണ് അവരുടെ ലക്ഷ്യമെന്നും തുറന്നടിച്ചു.

രാജ്യത്ത് മതന്യൂനപക്ഷങ്ങളെ തുടരാൻ അനുവദിക്കരുതെന്നാണ് ആർഎസ്എസ് നയം. ഹിറ്റ്ലർ നടപ്പാക്കിയ നയമാണിത്. ജർമ്മനിയിൽ അവിടെയുള്ള ന്യൂനപക്ഷ വിഭാഗമായ യഹൂദന്മാരെ വേട്ടയാടിയ ഹിറ്റ്ലറിന്റെ നയത്തെ ലോകത്ത് അംഗീകരിച്ചത് ആർഎസ്എസ് ആണെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. രാജ്യത്ത് ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങളിൽ പ്രതിക്കൂട്ടിലായത് ആർഎസ്എസുകാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.