പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ സിഡ്‌നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

single-img
5 May 2023

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറൻ സിഡ്‌നിയിൽ റോസ്ഹില്ലിൽ സ്ഥിതിചെയ്യുന്ന ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണ സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. നേരത്തെ 2023 ആദ്യം മെൽബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളും ബ്രിസ്‌ബേനിലെ രണ്ട് ക്ഷേത്രങ്ങളും ഖാലിസ്ഥാൻ അനുകൂലികൾ തകർത്തിരുന്നു. ഈ മാസം 24 ന് ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി സിഡ്‌നി സന്ദർശിക്കും.

ഇന്ന് പുലർച്ചെ ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ പൂജയ്ക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മതിൽ തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ കവാടത്തിൽ പതാക സ്ഥാപിച്ച ഖാലിസ്ഥാൻ അനുകൂലികൾ, മോദിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്.

വിവരം അറിഞ്ഞയുടൻ പാരമറ്റയിലെ പാർലമെന്റ് അംഗം ആൻഡ്രൂ ചാൾട്ടൺ ക്ഷേത്രത്തിലെത്തി. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ദുഃഖമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആക്രമണത്തിൽ കംബർലാൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.