ഹിൻഡൻ ബെർഗ് റിപ്പോർട്ട്; ഇന്ത്യൻ ഓഹരി വിപണികളിലെ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കുന്നു

single-img
17 February 2023

അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓഹരി വിപണികളിലുണ്ടായ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കും. ഇന്ന് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിശോധിച്ചപ്പോൾ കോടതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനത്തിനായുള്ളതാണ് സമിതി. സമിതിയെ കുറിച്ച് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു.

അതേസമയം, രഹസ്യരേഖയായാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയത്. സത്യം പുറത്ത് വരണമെന്നും വിഷയത്തിൽ സമഗ്രമായ പഠനം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സമിതിയുടെ അധ്യക്ഷൻ അടക്കം കാര്യങ്ങൾ കോടതിക്ക് വിടുന്നതായും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. രഹസ്യരേഖയായി കേന്ദ്രം നൽകിയ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ എതിർ ഭാഗത്തെ വിശ്വാസത്തിലെടുക്കാതെയാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് രേഖകൾ ഹർജിക്കാർക്ക് നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഇതിലുള്ള നടപടികൾ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്. റിപ്പോർട്ടിന് മേൽ എന്ത് അന്വേഷണത്തിനും തയ്യാറെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഹർജിക്കാരിൽ ഒരാളുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. അദാനിക്കെതിരെ റിപ്പോർട്ടിലെ ആരോപണങ്ങൾ കോടതിയിൽ എണ്ണിപ്പറഞ്ഞ് പ്രശാന്ത് ഭൂഷൺ വിവാദ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.