സർക്കാരിന് തിരിച്ചടി; സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് ഹൈക്കോടതി

single-img
29 November 2022

കെടിയുവിലെ വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി തള്ളുകയുംചെയ്തു . സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി പറഞ്ഞു.

മാത്രമല്ല, സ്ഥിരം വിസിയെ ഉടൻ നിയമിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അസാധാരണ നീക്കം നടത്തിയ ഒരു ഹർജിയിലൂടെയാണ് സർക്കാ‍ർ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ഗവർണർ സർവകലാശാലകളുടെ ചാൻസലർ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി. അതിനാൽ സർക്കാരിൻറെ റിട്ട് ഹർജി നില നിൽക്കും.

ചാൻസലർ സ്വീകരിച്ച നടപടി ചട്ടവിരുദ്ധമെന്ന സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി പറഞ്ഞു.
വൈസ് ചാൻസലർക്ക് യുജിസി ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യുജിസിയുടെ വാദങ്ങൾ അംഗീകരിക്കുന്നു. ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ല.

സർക്കാർ നടത്തിയ 2 ശുപാർശയും ചാൻസലർ തള്ളിയതു ശരിയായ നടപടിയാണെന്നും കോടതി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് വിസിയാകാനുള്ള യോഗ്യതയില്ല. പ്രൊ വിസി ഓഫീസിൽ ഇല്ലാത്ത കാര്യം മനസിലാക്കി ചാൻസലർ പുതിയ ആളെ നിയമറിച്ചതിൽ തെറ്റ് പറയാൻ ആവില്ല എന്നും കോടതി പറഞ്ഞു.