വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം യുവാവ് പിന്മാറി; യുവതിയുടെ ജാതകം പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം

single-img
3 June 2023

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറി എന്ന കേസിൽ യുവതിയുടെ ജാതകം പരിശോധിക്കാൻ അലഹാബാദ് ഹൈക്കോടതി നിർദ്ദേശം നല്‍കി. യുവതി നൽകിയ പരാതിയിലാണ് നടപടി. യുവതിക്ക് ചൊവ്വാ ദോഷം ഉണ്ടെന്നും അതിനാലാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്നായിരുന്നു യുവാവിന്‍റെ വാദം.

ഇതിനെ തുടർന്നാണ് കോടതി യുവതിക്ക് ചൊവ്വാദോഷം ഉണ്ടോയെന്ന് കണ്ടെത്താനായി ജാതകം പരിശോധിക്കാൻ നിർദ്ദേശം നല്‍കിയത്. യുവതിയുടെ ജാതകം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നല്‍കാൻ ലഖ്‌നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബ്രിജ് രാജ് സിംഗിന്‍റെ നേതൃത്തിലുള്ള ബെഞ്ച് ആണ് നിർദ്ദേശം നല്‍കിയത്.

യുവതിക്ക് ചൊവ്വാദോഷം ഉള്ളതിനാൽ വിവാഹം നടത്താനാകില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. പക്ഷെ ചൊവ്വാ ദോഷമില്ലെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ജാതകം പരിശോധിക്കാൻ കോടതി നിർദ്ദേശം നല്‍കിയത്.