തീപ്പിടിത്തം കുട്ടിക്കളിയല്ല; പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങൾ നീറിപ്പുകയുന്നു; കലക്ടര്‍ക്കെതിരെ ഹൈക്കോടതി

single-img
13 March 2023

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടർക്കും കൊച്ചി കോർപറേഷൻ മേയർക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതി വിഷയം പരിഗണിക്കുമ്പോൾ ഓൺലൈനിലായിരുന്നു കലക്ടർ എൻഎസ്‌കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം ഉണ്ടായത് കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങൾ നീറിപ്പുകയുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോൾ എന്തുകൊണ്ടാണ് കലക്ടർ ഓൺലൈനിൽ ഹാജരായതെന്നും കോടതി ചോദിച്ചു.

എന്നാൽ പ്ലാന്റിലെ എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും ഇപ്പോൾ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കലക്ടർ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടർ വ്യക്തമാക്കി.

ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടതായും കരാർ രേഖകൾ കോർപ്പേറേഷൻ കോടതിയിൽ ഹാജരാക്കാനും മാലിന്യ സംസ്‌കരണത്തിന് ഏഴുവർഷത്തിനിടെ മുടക്കിയ തുകയുടെ വിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അന്തരീക്ഷത്തിലെ വായുനിലവാരത്തെക്കുറിച്ച് ജില്ലാ കലക്ടർ നാളെ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം മലിനീകരണനിയന്ത്രണബോർഡിനേയും കോടതി രൂക്ഷമായി വിമർശിച്ചു. ഇത്രയധികം മോശമായ പ്ലാന്റിനെ എങ്ങനെ നിലനിർത്താൻ സാധിക്കുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം.