ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ വിളിച്ചു ചർച്ചകളിൽ ഇരുത്തിയാൽ സഹകരിക്കും: സുരേഷ് ഗോപി

single-img
20 August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടക്കുന്ന ചർച്ചകളിൽ സംസ്ഥാന സർക്കാർ വിളിച്ചാൽ സഹകരിക്കുമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. എന്തുകൊണ്ട് റിപ്പോർട്ട് പുറത്തുവിടാൻ കാലതാമസം ഉണ്ടായി എന്ന് ചോദിക്കേണ്ടി വന്നല്ലോ. ഇത്ര ഗൗരവമുള്ള കാര്യങ്ങൾ അവരുടെ തന്നെ അറിവിൽ എത്തുന്നത് ഇപ്പോൾ ആയിരിക്കും.

എല്ലാ മേഖയിലും ഇല്ലേ ഇത്. പരിഹാര മാർഗങ്ങളും റിപ്പോർട്ടിൽ ഉണ്ടല്ലോയെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയാൽ ബാധിക്കപ്പെട്ട ചിലർ പവർ ഗ്രൂപ്പുകളെ കുറിച്ച് മുൻപും പറഞ്ഞിട്ടുണ്ട്. നാലഞ്ചു മാസം മുമ്പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവർ സെൻ്റേഴ്സ് വന്നിരുന്നു. അതിൽ തിരുത്തൽ നടപടികൾ ഉണ്ടാവണം.

ഇവിടെ അതിനാണ് ഒരു ഭരണം ഉള്ളത്. തിരുത്തൽ ഞാനും നിങ്ങളും ആഗ്രഹിക്കുന്നുണ്ട്. സിനിമാപ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. സിനിമ എന്നു പറയുന്നത് ഒരു കോടിയും പത്തുകോടിയും വാങ്ങുന്ന ആളിന്റേത് മാത്രമല്ല. ഒരു ദിവസം 2000 രൂപ ശമ്പളം വാങ്ങി പോകുന്ന ഭാരം ചുമക്കുന്ന സംഘടിത മേഖലയിൽ പെട്ടതാണ്.

സിനിമാ മേഖലയിലെ വലിയ ഒരു അപാകതയെ പെരുപ്പിച്ചു കാണിച്ചാലും ആ മേഖല നിലനിൽക്കണം. എല്ലാ സംഘടനകളും ഒത്തുചേർന്ന് അതിനുള്ള പോംവഴി കണ്ടെത്തും. സർക്കാർ വിളിച്ചു ചർച്ചകളിൽ ഇരുത്തിയാൽ സഹകരിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.