കാഴ്ച മറച്ച്‌ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്

single-img
20 December 2022

ദില്ലി: കാഴ്ച മറച്ച്‌ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, നോര്‍ത്ത് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം മൂടല്‍ മഞ്ഞ് കനത്ത് നല്‍ക്കുന്ന ഹരിയാനയിലും ഉത്തര്‍പ്രദേശിലും പരക്കെ വാഹനാപകടങ്ങളുണ്ടായി.

ഉത്തര്‍പ്രദേശില്‍ ബസ്സും കണ്ടെയ്നറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകട സമയത്ത് 60 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല സഞ്ചരിച്ചിരുന്ന വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവുമായി കൂട്ടിയിടിച്ച്‌ പൊലീസുകാര്‍ക്ക് പരിക്കേറ്റു. അതേസമയം ദുഷ്യന്ത് ചൗട്ടാലയ്ക്ക് പരിക്കില്ല.

പലയിടത്തും കാഴ്ച മറയ്ക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് തുടരുകയാണ്. ദില്ലിയിലെ പാലത്തില്‍ രാവിലത്തെ കണക്ക് പ്രകാരം 25 മീറ്റ‍ര്‍ മാത്രമാണ് കാഴ്ചാപരിധി. സഫ്ദര്‍ജംഗ് മേഖലയില്‍ 50 മീറ്ററായിരുന്നു ഇത്. അമൃത്‌സര്‍, ഗംഗാനഗര്‍, പട്യാല, ലഖ്‌നൗ എന്നിവിടങ്ങളില്‍ 25 മീറ്റര്‍ കാഴ്ചാ പരിധിയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തത്. ഭട്ടിന്‍ഡയില്‍, കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി 0 ആയി കുറഞ്ഞു.

കനത്ത മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാല്‍ ഇന്നും നാളെയും പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഴ്ച മങ്ങിയത് റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശ്രദ്ധയോടെയാണ് ആളുകള്‍ വാഹനങ്ങള്‍ ഓടിക്കുന്നത്. ഇത് ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

അതേസമയം ദില്ലി എ‍യ‍ര്‍പ്പോര്‍ട്ടില്‍ ഫോഗ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഴ്ചക്കുറവ് കുറവായതിനാല്‍ അതിനുള്ള നടപടകള്‍ സ്വീകരിച്ചതായി എയ‍ര്‍പ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍, എല്ലാ വിമാന സ‍ര്‍വീസുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധകൃത‍ര്‍ കൂട്ടിച്ചേര്‍ത്തു.