അടുക്കളയില്‍ നിന്ന് ശര്‍ക്കര എടുത്തു കഴിച്ചതിന് മര്‍ദ്ദിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

single-img
29 December 2022

ദില്ലി: നോയിഡയില്‍ ജോലിക്കാരിയായ പെണ്‍കുട്ടിയെ വീട്ടുടമ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും.

നോയിഡയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്.

വീട്ടുടമയായ ഷെഫാലി കൗള്‍ എന്ന സ്ത്രീയാണ് അനിത എന്ന ഇരുപത് വയസ്സുള്ള പെണ്‍കുട്ടിയെ അതിക്രൂരമായി വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചത്. അടുക്കളയില്‍ നിന്ന് ഒരു കഷ്ണം ശര്‍ക്കര എടുത്തു കഴിച്ചതിന് തന്നെ മര്‍ദ്ദിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി എന്‍ഡിടിവിയോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടുടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജോലിക്കാരിയായ അനിതയെ ഷെഫാലി കൗള്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ ജോലി അവസാനിപ്പിച്ച്‌ പോകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പിടികൂടി തിരികെ കൊണ്ടുവന്നെന്നും അനിത പറഞ്ഞു. അനിതയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളുമുണ്ട്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ.

”അവര്‍ എല്ലാ ദിവസവും എന്നെ തല്ലും. തണുത്ത വെള്ളം എന്റെ ശരീരത്ത് ഒഴിക്കും. കഴിഞ്ഞ ദിവസം ഡിസംബര്‍ 26 ന് ഞാനൊരു കഷ്ണം ശര്‍ക്കരയെടുത്ത് കഴിച്ചു. അന്ന് അവരെന്നെ ചെരിപ്പുകൊണ്ട് അടിച്ചു. എന്നെ തീകൊളുത്തി കൊല്ലുമെന്നും മുകളില്‍ നിന്ന് താഴേക്ക് എറിയുമെന്നും ഭീഷണിപ്പെടുത്തി.” രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ കാരണമിതാണെന്ന് അനിത പറഞ്ഞു.

ഒന്നിലധികം ദുപ്പട്ടകള്‍ ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ കയറിലൂടെയാണ് നാലാം നിലയില്‍ നിന്ന് താഴേക്കിറങ്ങിയത്. എന്നാല്‍ കാവല്‍ക്കാരന്‍ പിടികൂടി. ”അയാള്‍ എന്നെ തടഞ്ഞു നിര്‍ത്തിയതിന് ശേഷം മാഡത്തെ വിളിച്ചു. അവര്‍ എന്നെ മുകളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി. കഴുത്തിന് പിടിച്ച്‌ ഞെരിച്ചു.” അനിതയുടെ കഴുത്തിലും ചെവികളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യമാണ്.

ഏപ്രില്‍ മുതല്‍ താന്‍ ഷെഫാലിയുടെ വീട്ടില്‍ ജോലി ചെയ്തു വരികയാണെന്നും ഒക്ടോബറില്‍ ആറുമാസത്തെ കരാര്‍ അവസാനിച്ചെന്നും എന്നാല്‍ തന്നെ വിട്ടയയ്ക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അനിത പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് നോയിഡ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സാദ് മിയ ഖാന്‍ പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും അവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.