അരിക്കൊമ്ബനം പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

single-img
30 March 2023

ഇടുക്കി: അരിക്കൊമ്ബനം പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

ദേവികുളം, ഉടുമ്ബന്‍ചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടക്കും. മദപ്പാടുള്ളതിനാല്‍ അരിക്കൊമ്ബനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിര്‍ദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലില്‍ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സര്‍ക്കാരിന്‍്റെ ശ്രമം.

അരിക്കൊമ്ബന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികള്‍ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്ബോള്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വനം വകുപ്പിന്റേതടക്കമുള്ള, അരിക്കൊമ്ബനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് അമിക്കസ് ക്യൂറിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും വിദഗ്ധ സംഘം തുടര്‍ നടപടി സ്വീകരിക്കുക. അരിക്കൊമ്ബനെ മയക്കുവെടി വെക്കാതെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകള്‍ എന്തെല്ലാമെന്ന് പരിശോധിക്കാനാണ് കോടതി വിദഗ്ധ സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ചിന്നക്കനാലിലടക്കം പോയി സ്ഥിതിഗതികള്‍ വിലയിരുത്തുന്ന കാര്യവും സമിതിയുടെ പരിഗണനയിലുണ്ട്.