നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹം; ഡിജിപി യുടെ സർക്കുലർ

single-img
16 September 2022

തിരുവനന്തപുരം: നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമെന്ന് പൊലീസ് മേധാവി. ഇത്തരം നടപടികളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണം.

തെരുവുനായ ശല്യത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിജിപി അനില്‍കാന്ത് പുറത്തിറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ റസിഡന്‍സ് അസോസിയേഷന്‍ മുഖേന തെരുവുനായകളെ ഉപദ്രവിക്കുന്നതിനെതിരെ ബോധവത്കരണം നടത്തണം. എല്ലാ എസ്‌എച്ച്‌ഒമാര്‍ക്കുമാണ് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്.

തെരുവുനായ്ക്കളെ അടക്കം ഉപദ്രവിക്കുന്നതും വിഷം നല്‍കി കൊല്ലുന്നതുമായ സംഭവങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ശിക്ഷാര്‍ഹമാണ്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുത്ത് മുന്നോട്ടുപോകണമെന്ന് ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

തെരുവുനായ ആക്രമണം രൂക്ഷമാണെന്നും മറ്റും പരാതി ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ അത് അധികൃതരെ അറിയിക്കണം. അല്ലാതെ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുത്. ഇത്തരം നടപടികളില്‍ നിന്ന് ജനത്തെ പിന്തിരിപ്പിക്കണം. സര്‍ക്കുലര്‍ എല്ലാ എസ്‌എച്ച്‌ഒമാരും പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.