സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷം; ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ
ഇത്തവണ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ നടനും രാജ്യസഭാ മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശന വാര്‍ത്തയില്‍ മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളാ ബിജെപിയ്ക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ അതിൽ സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് രാജ്യസഭാ മുന്‍ എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണയുംസുരേഷ് ഗോപിയെ ബിജെപി തൃശൂരില്‍ തന്നെ മത്സരിക്കാൻ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.