വാരാണസിയില്‍ നിന്നുള്ള നദീജല സവാരിക്ക് പച്ചക്കൊടി

single-img
13 January 2023

വാരണാസി: ഇന്ത്യയുടേത് എല്ലാം ഉള്‍ക്കൊള്ളുന്ന സംസ്ക്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരാണികകാലം മുതല്‍ക്കുള്ള ഇന്ത്യയുടെ ഈ ചരിത്രത്തിന് ഗംഗ സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാരാണസിയില്‍ നിന്നുള്ള നദീജല സവാരിക്ക് പച്ചക്കൊടി കാട്ടി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗംഗയിലൂടെയും ബ്രഹ്മപുത്രയിലൂടെയും 51 ദിവസം സഞ്ചരിച്ച്‌ ആസമിലെ ദിബ്രുഗഡില്‍ അവസാനിക്കുന്നതാണ് നദീജല സവാരി. രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഇത് പുതിയ കാലത്തിന്‍റെ തുടക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്‌ സമാന സവാരികള്‍ തുടങ്ങും. ഇത് തൊഴിലവസരം കൂട്ടുമെന്നും മോദി വ്യക്തമാക്കി.

എന്നാല്‍ ഒരാള്‍ക്ക് മൂന്നര ലക്ഷം വരെ ചെലവ് വരുന്ന ആഡംബര ക്രൂസ് ധനികര്‍ക്ക് വേണ്ടി മാത്രമാണെന്ന് ഇതിനിടെ സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ആഡംബരനൗക പദ്ധതി ധനികര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ധനികര്‍ക്ക് വേണ്ടിയുള്ള പദ്ധതിയിലാണ് ബിജെപിക്ക് നോട്ടമെന്നും അഖിലേഷ് ആരോപിച്ചു. ഈ പദ്ധതികൊണ്ട് ഗംഗയില്‍ നിലവില്‍ ചെറുബോട്ടുകള്‍ ഓടിക്കുന്ന നിഷാദ വിഭാഗത്തിലുള്ളവര്‍ക്ക് എന്ത് ഗുണമാണ് ഉണ്ടാവുകയെന്നാണ് അഖിലേഷിന്‍റെ ചോദ്യം. വാര്‍ധക്യ കാലത്ത് നിരവധിയാളുകളാണ് ആത്മീയതയില്‍ മുഴുകി ജീവിക്കാനായി വാരണാസിയില്‍ എത്താറുണ്ട്. ആത്മീയ കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനുമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍. എന്നാല്‍ ബിജെപി വാരണാസിയില്‍ ടൂറിസം സാധ്യതകളാണ് പ്രോത്സാഹിപ്പിക്കുന്നത്. പണമുണ്ടാക്കുക ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികള്‍. പുറത്ത് നിന്നുള്ള ബിസിനസുകാര്‍ക്കാണ് ഇത്തരം പദ്ധതികള്‍ മൂലമുള്ള ലാഭമുണ്ടാവുന്നതെന്നും അഖിലേഷ് ആരോപിച്ചു.

ഗംഗ നദിയിലെ വാരണാസിയില്‍ നിന്ന് ദിബ്രുഗഡിലേക്കുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസിന്‍റെ ടിക്കറ്റിന് ‘പൊന്നും വില’യാണ്. നിരക്ക് എത്രയാണെന്ന് കൃത്യമായി പുറത്തുവിട്ടിട്ടില്ല. ഇതേ കമ്ബനിയായ ആന്‍റാരയുടെ ‘ഇന്‍ക്രെഡിബിള്‍ ബനാറസ്’ എന്ന പാക്കേജിന്‍റെ നിരക്ക് 1,12,000 രൂപ മുതല്‍ ആരംഭിക്കുന്നു. ഓരോ സ്യൂട്ടിനും 38 ലക്ഷം രൂപ നല്‍കിയ സ്വിസ് ടൂറിസ്റ്റുകള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് എല്ലാ ടിക്കറ്റുകളും വിറ്റതിനാലാണ് വില പരസ്യപ്പെടുത്തതെന്ന് ആന്‍റാര ലക്ഷ്വറി റിവര്‍ ക്രൂയിസിന്‍റെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് ഇന്ത്യ ഡയറക്ടര്‍ കാഷിഫ് സിദ്ദിഖി പറഞ്ഞു