ബ്രഹ്മപുരത്തെ വേസ്റ്റ് ടു എനര്‍ജി പദ്ധതിയില്‍ നിന്നും സോണ്‍ടയെ മാറ്റി സര്‍ക്കാര്‍

single-img
20 May 2023

രണ്ടാം വാര്‍ഷിക ആഘോഷ വേളയില്‍ മാലിന്യ സംസ്കരണത്തിലെ സുപ്രധാന പദ്ധതിയില്‍ നിന്നും സോണ്‍ടയെ മാറ്റി സര്‍ക്കാര്‍.

കൊച്ചി ബ്രഹ്മപുരത്തെ വേസ്റ്റു ടു എനര്‍ജി പദ്ധതിയില്‍ നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി. മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാലിന്യത്തില്‍ നിന്നും വൈദ്യുതിയെന്ന മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയില്‍ കരാറുകളിലെ കള്ളകളികളും, ബ്രഹ്മപുരം തീപിടുത്തവും സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പിച്ചിരുന്നു.

മാലിന്യം കെട്ടികിടന്ന് ചീഞ്ഞ് നാറുന്ന കൊച്ചി നഗരം, നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞിട്ടും മാലിന്യ സംസ്കരണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതെ കോഴിക്കോട് നഗരസഭ, വിവാദ കമ്ബനി സോണ്‍ട ഇന്‍ഫ്രാടെക്കിനോട് നോ പറഞ്ഞ കണ്ണൂര്‍, കൊല്ലം നഗരസഭകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ സന്ദര്‍ശന പഠനങ്ങളില്‍ ഏറെ ചര്‍ച്ചയായ മാലിന്യ സംസ്കരണം ബ്രഹ്മപുരം തീപിടുത്തതോടെ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ തന്നെ മലിനമാക്കി. പ്രത്യേക ഉത്തരവിലൂടെയാണ് മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ കെഎസ്‌ഐടിസി നടത്തിയ ടെന്‍‍ഡര്‍ നടപടികളില്‍ ക്രമക്കേടുകള്‍ ഉയര്‍ന്നു.സ്വകാര്യ കമ്ബനികള്‍ക്ക് വൈദ്യുതിയുണ്ടാക്കി വില്‍ക്കാന്‍ ടണ്‍ കണക്കിന് മാലിന്യവും ഒപ്പം അങ്ങോട്ട് പണം നല്‍കുന്ന ഭീമമായ ടിപ്പിംഗ് ഫീസും ആണ് വേസ്റ്റ് ടു എനര്‍ജി പദ്ധതികളില്‍ അഴിമതിയിലേക്ക് വിരല്‍ ചൂണ്ടിയത്. ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ കരാറില്‍ വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കി സര്‍ക്കാര്‍ തന്നെ സോണ്ട ഇന്‍ഫ്രാടെക്കിനെ കൊച്ചി പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയാണ്.

മാലിന്യം കുഴിച്ചുമൂടുന്ന ബയോമൈനിംഗാണ് മാലിന്യ സംസ്കരണത്തില്‍ കണ്ടെത്തിയ അടുത്ത പോംവഴി. എന്നാല്‍ കോഴിക്കോട് നഗരസഭയിലും കൊച്ചി നഗരസഭയിലും ബയോമൈനിംഗ് ഇഴയുകയാണ്. കൊച്ചിയില്‍ ബയോമൈനിംഗ് പദ്ധതിയിലും അഴിമതിയുടെ ദുര്‍ഗന്ധമുണ്ട്. ഗുരുവായൂരിലെ മാലിന്യസംസ്കരണവും തിരുവനന്തപുരത്ത് വര്‍ഷങ്ങളായി തുടര്‍ന്ന മാലിന്യ പ്രതിസന്ധി അവസാനിച്ചതും ഈ വിവാദങ്ങള്‍ക്കിടയിലും നേട്ടമായി സര്‍ക്കാരിന് ഉയര്‍ത്തിക്കാട്ടാം. എന്നാല്‍ തലസ്ഥാനത്ത് വേസ്റ്റു ടു എനര്‍ജി പദ്ധതി എങ്ങുമെത്തിയിട്ടില്ല. ബ്രഹ്മപുരം തീപിടുത്തതിന് ശേഷം മാലിന്യ നീക്കം തടസപ്പെട്ട കൊച്ചി നഗരസഭക്ക് സമീപമുള്ള തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ് മൂന്നാം വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മന്ത്രി എംബി രാജേഷ് ശ്രദ്ധ നല്‍കുന്നത്. ഹരിത കര്‍മ്മ സേനയെയും പ്രാദേശികമായി സജീവമാക്കുന്നു.

ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ ചാരത്തില്‍ നിന്നും ഉയര്‍ന്നത് അഴിമതിയുടെ മാലിന്യ മലയാണ്.ഒരു പദ്ധതിയില്‍ നിന്നും ഒരു കമ്ബനിയെ മാറ്റി നിര്‍ത്തിയാല്‍ അവസാനിക്കുന്നതുമല്ല വിവാദങ്ങള്‍. വഴിവിട്ട നടപടികള്‍ക്ക് രാഷ്ട്രീയ പിന്തുണ കിട്ടിയിട്ടുണ്ടോ , അഴിമതിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ ആരൊക്കെ . രണ്ടാം വാര്‍ഷികത്തിന്‍റെ ആഘോഷനാളുകളില്‍ ഈ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും കേരളം തേടുന്നു.