ഇത്തവണത്തെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ ആക്രമിക്കില്ല, ഗവർണറെ പ്രകോപിപ്പിക്കില്ല

single-img
20 January 2023

നയപ്രഖ്യാപനത്തിന്റെ കരട് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. പല വിഷയങ്ങളിലും സർക്കാരിനോട് ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കാതിരിക്കാനുള്ള കരുതൽ നയപ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നു സൂചന.

കേന്ദ്രവിരുദ്ധ പരാമർശങ്ങൾ കഴിയുന്നത്ര ഒഴിവാക്കുമെങ്കിലും വായ്പാ പരിധി ഉയർത്താൻ അനുമതി നൽകാത്ത കേന്ദ്രസർക്കാർ സമീപനങ്ങൾക്കെതിരെ ലഘുവായ വിമർശനം ഉൾപ്പെടുത്തും. സർവകലാശാലാ വിഷയത്തിലാണ് ഗവർണർക്ക് പ്രധാനമായും എതിർപ്പുള്ളത് എന്നിരിക്കെ, ഉന്നതവിദ്യാഭ്യാസമേഖലയിലെ വികസനത്തെ ആഗോളസാഹചര്യത്തിനനുസരിച്ചുള്ള പരിഷ്കാരം എന്ന നിലയിലാകും അവതരിപ്പിക്കുക.

കഴിഞ്ഞ വർഷം വകുപ്പുകൾ തിരിച്ച് 212 ഖണ്ഡികകളുണ്ടായിരുന്നത് ഇത്തവണ 192 ഖണ്ഡികകളാണുള്ളത്. പരമാവധി ഒന്നര മണിക്കൂർ കൊണ്ട് ഗവർണർക്ക് വായിച്ച് തീർക്കാൻ കഴിയും വിധം ആണ് നയപ്രഖ്യാപനം തയ്യാറാക്കിയിരിക്കുന്നത്.

ഈ വർഷത്തെ സഭാസമ്മേളനം 23ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. തമിഴ്നാട്ടിലെ പോലെ ഗവർണറുമായുള്ള ഏറ്റുമുട്ടൽ വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തമാശരൂപത്തിലുള്ള ആമുഖത്തോടെയാണ് നയപ്രഖ്യാപനത്തിന്റെ കരട് ഇന്നലെ മന്ത്രിസഭായോഗം ചർച്ചയ്ക്കെടുത്തത്. ഗവർണറെ പ്രകോപിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗം അംഗീകരിച്ച കരട് നയപ്രഖ്യാപനം അഞ്ചംഗ മന്ത്രിസഭാ ഉപസമിതി ഒരിക്കൽകൂടി ചർച്ച ചെയ്തശേഷം അന്തിമമാക്കും.