രാജ്ഭവനിൽ ഗവർണർ ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് സംശയം: തോമസ് ഐസക്

single-img
17 October 2022

റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് തന്റെ സംശയമെന്ന് സിപിഎം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്.

മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല ഏന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇവിടെ പ്രസിഡന്റിന്റിനും ഗവർണർക്കും തിരുവുള്ളക്കേടുണ്ടായാൽ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിർദ്ദേശമനുസരിച്ചു വേണം.
അക്കാര്യം ഭരണഘടന നിഷ്കർഷിച്ചിട്ടുണ്ടെന്നും ഐസക് ഓർമ്മപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് എന്റെ സംശയം. മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.

പ്രീതി പിൻവലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ആർഎസ്എസ് മേധാവിയുടെ പ്രീതി നഷ്ടപ്പെട്ടാൽ ഗവർണറുടെ ജോലി തെറിക്കുമായിരിക്കും. ആ ഭീതി ആരിഫ് മുഹമ്മദ് ഖാനെ അലട്ടുന്നുണ്ടാകും. പക്ഷേ, അതുപോലെ ഗവർണർക്കു തെറിപ്പിക്കാൻ കഴിയുന്ന പദവിയല്ല മന്ത്രിസ്ഥാനം. ജനാധിപത്യസംവിധാനത്തിൽ താങ്കളുടെ പ്രീതിയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് വിനയത്തോടെ അദ്ദേഹത്തെ ഓർമ്മിപ്പിക്കട്ടെ.

പ്രീതിയും തിരുവുള്ളക്കേടുമൊക്കെ രാജവാഴ്ചയുടെ ബാക്കി പത്രങ്ങളാണ്. തിരുവുള്ളക്കേടുണ്ടായാൽ ജോലിയിലും പദവിയിലും നിന്നു പുറത്താക്കാൻ ബ്രിട്ടീഷ് രാജാവിന് അധികാരമുണ്ടായിരുന്നു. അതാണ് പ്രീതി പ്രമാണം (doctrine of pleasure).

ബ്രിട്ടണിൽ രാജാവ് സേവകനെ പുറത്താക്കിയാൽ ചോദ്യം ചെയ്യാനോ കോടതിയിൽ പോകാനോ നഷ്ടപരിഹാരത്തിനോ വകുപ്പില്ല. പക്ഷേ, ഈ സങ്കൽപം നമ്മുടെ ഭരണഘടനയിൽ ബ്രിട്ടണെ അതേപോലെ പകർത്തി വെയ്ക്കുകയല്ല ചെയ്തത്.

ഇവിടെ പ്രസിഡന്റിന്റിനും ഗവർണർക്കും തിരുവുള്ളക്കേടുണ്ടായാൽ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിർദ്ദേശമനുസരിച്ചു വേണം. അക്കാര്യം ഭരണഘടന നിഷ്കർഷിച്ചിട്ടുണ്ട്. അങ്ങനെയേ ചെയ്യാവൂ എന്ന് ഏറ്റവുമൊടുവിൽ ബി പി സിംഗാള്‍ കേസിൽ സുപ്രിംകോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴും ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓർമ്മിപ്പിക്കുന്നു.