ഗവര്‍ണറെ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ക്കൊന്നും വിളിക്കുന്നില്ല; 24 മണിക്കൂറും പാന്‍ ചവച്ചുകൊണ്ടാണ് നടക്കുന്നത്: കെ മുരളീധരൻ

single-img
8 November 2022

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഗവര്‍ണറുടെ മാനസിക നില ഉടൻ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് മുരളീധരൻ പറഞ്ഞു.

എന്തും ഏതും വിളിച്ചുപറയുന്ന ഒരു വ്യക്തിയായിട്ട് അദ്ദേഹം മാറി. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ എല്ലാ മാന്യതയും ഇല്ലാതാക്കി. കേരളത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇങ്ങനെയൊരു ഗവര്‍ണര്‍ ഉണ്ടായിട്ടില്ല. എന്നാലൊട്ട് ചെയ്യുകയുമില്ല. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ കുറേ പിപ്പിടി വിദ്യകള്‍ കാണിക്കുന്നുണ്ടെന്നും മുരളീധര്‍ പരിഹസിച്ചു.

ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയാണെങ്കിലും മാധ്യമങ്ങളെ വിലക്കുന്ന ഒരു നടപടിയോടും യുഡിഎഫോ കോണ്‍ഗ്രസോ യോജിക്കില്ല. പ്രത്യേകിച്ച് ഗവര്‍ണറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍,.. ഇന്ന ചാനലിനോട് സംസാരിക്കില്ല, എന്നെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഇദ്ദേഹമാരാണ്? അതിന് തക്കതായ ഒരു മഹത്വവും അദ്ദേഹത്തിന് ഇല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

സത്യം പറഞ്ഞാല്‍ സര്‍ക്കാരും ഗവര്‍ണറും പിണങ്ങിയതുകൊണ്ട് ഒരു മെച്ചം കിട്ടി. ഭാഗ്യത്തിന് ഗവര്‍ണറെ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ക്കൊന്നും വിളിക്കുന്നില്ല. കാരണം 24 മണിക്കൂറും പാന്‍ ചവച്ചുകൊണ്ടാണ് നടക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രീതി.അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ എല്ലാ ബിജെപി ഇതര സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. പക്ഷെ, കേരളത്തില്‍ അങ്ങനെയാണെന്ന് തോന്നുന്നില്ല. കാരണം ഇതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ് ആകുമെന്നുള്ളതുകൊണ്ട് കേന്ദ്രം അങ്ങനെ ഈ സര്‍ക്കാരിനെ ദ്രോഹിക്കില്ല. ചില പിപ്പിടി കാണിക്കല്‍ മാത്രമേയുണ്ടാകൂ,’ കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.