ബഫർ സോൺ; മലയോര കർഷകർക്കൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ തയാറാകണം : കെ സുരേന്ദ്രൻ

single-img
18 December 2022

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി കേരളാ അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പകരം ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് ബഫർ സോൺ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉപഗ്രഹ സർവെയിലൂടെ ഭൂമിയുടെ അതിര് നിശ്ചയിക്കുന്നതിന് പകരം ജനങ്ങളുടെ അവസ്ഥ മനസിലാക്കി നേരിട്ടുള്ള സർവെ നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ സുപ്രിംകോടതിയിൽ നിന്ന് കേരളത്തിലെ കർഷകർക്ക് അനുകൂലമായ വിധി നേടിയെടുക്കേണ്ട സംസ്ഥാന സർക്കാർ വലിയ അലംഭാവമാണ് കാണിക്കുന്നത്.

മലയോര കർഷകർക്കൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണം എന്നത് അനിവാര്യമാണ്. എന്നാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണം. കിടപ്പാടംപോലും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുള്ളത്. അവരെ ശത്രുപക്ഷത്ത് നിർത്തുകയാണ് ഇടത് സർക്കാർ ചെയ്യുന്നതെന്നും സർക്കാരിൻ്റെ ജനദ്രോഹ സമീപനത്തിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.