നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി സർക്കാർ

single-img
27 February 2026

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍. ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്ന പ്രോസിക്യൂഷന്റെ നിലപാട് ഹൈക്കോടതിയെ അറിയിച്ചു അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍.

ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്.

അപ്പീല്‍ നല്‍കാനുള്ള സമയപരിധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് പ്രോസിക്യൂഷന്റെ ഏറ്റവും വലിയ പരാതിയായി അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും സര്‍ക്കാര്‍ അപ്പീലില്‍ ചോദ്യംചെയ്തിരിക്കുന്നത്.

ദിലീപിനെതിരായ ചില സാക്ഷിമൊഴികളെ നിസാരമായ കാരണങ്ങളുടെ പേരില്‍ അവഗണിച്ചുവെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. ദിലീപിനെക്കൂടാതെ, കേസില്‍ വിട്ടയച്ച ചാര്‍ളി, ദിലീപിന്റെ സുഹൃത്ത് ശരത് എന്നിവരേയും കേസില്‍ ശിക്ഷിക്കണം എന്ന ആവശ്യമാണ് അപ്പീലിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 400 പേജുകളുള്ള വിശദമായ അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്.