വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചാപ്പലുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് ഗാംഗുലി

മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലും സൗരവ് ഗാംഗുലിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ക്രിക്കറ്റ് ലോകത്ത് പരസ്യമാണ്. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ചാപ്പലുമായി ഇപ്പോഴും തനിക്ക് നല്ല ബന്ധമല്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. ചാപ്പല്‍ ആവശ്യപ്പെട്ടതു കൊണ്ട് മാത്രമാണ്, ഇമ്രാന്‍ ഖാന് വേണ്ടിയുള്ള കത്തില്‍ താന്‍ ഒപ്പിടാതിരുന്നത് എന്നും ഗാംഗുലി പറഞ്ഞു.
ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്ക രേഖപ്പെടുത്തിയും മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഈ കത്തില്‍ ഒപ്പ് വെക്കണമെന്നാവശ്യപ്പെട്ട് ചാപ്പല്‍ ഗാംഗുലിയെ സമീപിച്ചിരുന്നു. എന്നാല്‍, ചാപ്പലുമായുള്ള സുഖകരമല്ലാത്ത ബന്ധം കാരണം ആവശ്യം നിരസിക്കുകയായിരുന്നുവെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് അടക്കം പന്ത്രണ്ട് മുന്‍ അന്താരാഷ്ട്ര താരങ്ങളാണ് കത്തില്‍ ഒപ്പ് വെച്ചത്.
2005 ലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഗ്രെഗ് ചാപ്പല്‍ എത്തുന്നത്. ക്യാപ്റ്റനായിരുന്ന ഗാംഗുലിയായിരുന്നു മുന്‍ ഓസ്‌ട്രേലിയ ക്യാപ്റ്റനായ ചാപ്പലിനെ പരിശീലകനാക്കുന്നതിനെ പിന്തുണച്ചത്. എന്നാല്‍, ഇരുവരും തമ്മിലുള്ള ബന്ധം അധികം വൈകാതെ തന്നെ ഉലഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തിനിരിക്കാന്‍ മാനസികമായും ശാരീരികമായും ഗാംഗുലി യോഗ്യനല്ല എന്ന് ചാപ്പല്‍ ബിസിസിഐക്ക് കത്തയച്ചതായിരുന്നു തുടക്കം.
അധികം വൈകാതെ ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. പകരക്കാരനായി രാഹുൽ ദ്രാവിഡ് വന്നു. ചാപ്പലും ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് അധിക കാലം തുടര്‍ന്നില്ല. 2007 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായതോടെ ചാപ്പല്‍ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചാപ്പലുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഗാംഗുലി പറയുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ചാപ്പല്‍ ബന്ധപ്പെട്ടെങ്കിലും അതിനോട് പ്രതികരിച്ചില്ലെന്നാണ് താരം ഇപ്പോള്‍ പറഞ്ഞത്.
സത്യസന്ധരല്ലാത്ത ആളുകള്‍ക്ക് താന്‍ മറുപടി നല്‍കാറില്ല. എല്ലാവര്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ കാണും. ചിലര്‍ നല്ല താരങ്ങളാണെന്നും ചിലര്‍ ശരാശരി മാത്രമാണെന്നുമൊക്കെ അഭിപ്രായമുണ്ടാകും. പക്ഷെ, പ്രശ്‌ന പരിഹാരത്തിന് തെറ്റായ വഴി തിരഞ്ഞെടുക്കുന്നവരെ തനിക്ക് ഇഷ്ടമല്ല. നിങ്ങള്‍ അത്ര പോര എന്ന് മുഖത്ത് നോക്കി പറയുന്നവരെയാണ് തനിക്ക് ഇഷ്ടം. ഒരു പോഡ്കാസ്റ്റിലൂടെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
2011 ലും ചാപ്പല്‍ തനിക്ക് മെയില്‍ സന്ദേശം അയച്ചിരുന്നതായി ഗാംഗുലി വെളിപ്പെടുത്തി. അന്ന് താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തന്നെ ഒരു വട്ടം വിഡ്ഢിയാക്കാം, രണ്ടാമത് പറ്റില്ലെന്നും ഗാംഗുലി ചിരിച്ചു കൊണ്ട് പറഞ്ഞു.


