പണമില്ല; കേരളാ പൊലിസിൽ വീണ്ടും ഇന്ധന ക്ഷാമം

single-img
15 March 2023

കേരളാ പൊലിസിൽ വീണ്ടും ഇന്ധന ക്ഷാമം. എണ്ണക്കമ്പനിക്ക് നൽകാൻ കുടിശികയുള്ളതിനാൽ ഡീസൽ വിതരണം നിർത്തിവെച്ചെന്നാണ് വിവരം. അടുത്ത് നടക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശത്തിനോട് അനുബന്ധിച്ച പട്രോളിംഗിന് പോലും വാഹനങ്ങളിൽ ഇന്ധനമില്ലാത്ത സ്ഥിതിയാണ്.

തലസ്ഥാനമായ തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. ഇന്ന് രാവിലെ ഇന്ധനം നൽകിയത് പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമായിരുന്നു. പൊലീസ് സ്റ്റേഷൻ വാഹനങ്ങൾ പലതും ഓടുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങളിലാണ് പ്രതിസന്ധി നേരിടുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി പൊലീസിൽ പ്രതിസന്ധി നേരിടുന്നുണ്ട്. പത്ത് ലിറ്റർ വരെയാണ് ഒരു ദിവസം പൊലീസ് സ്റ്റേഷന് അനുവദിച്ചിരുന്നത്. ഇത് പോലും തീർന്ന സ്ഥിതിയാണ്. ഒരു കോടിയോളം രൂപ എണ്ണക്കമ്പനിക്ക് പൊലീസ് സേന നൽകാനുണ്ട്. ഇതോടെയാണ് ഡീസൽ നൽകുന്നത് എണ്ണക്കമ്പനി നിർത്തിയത്.