ഇന്ത്യയിൽ നിന്നും മ്യാൻമറിലൂടെ തായ്‌ലൻഡ്; ഹൈവേയുടെ 70% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

single-img
3 July 2023

ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേയുടെ 70 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയും തായ്‌ലൻഡും മ്യാൻമറും ഏകദേശം 1,400 കിലോമീറ്റർ നീളമുള്ള ഹൈവേയിൽ പ്രവർത്തിക്കുന്നു.

അത് രാജ്യത്തെ തെക്കുകിഴക്കൻ ഏഷ്യയുമായി കരമാർഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും.

പദ്ധതിയുടെ 70 ശതമാനം ജോലികളും പൂർത്തിയായതായി റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ വകുപ്പ് മന്ത്രി പിടിഐയോട് പറഞ്ഞു. ഇന്ത്യയിലെ മണിപ്പൂരിലെ മോറെയെ മ്യാൻമർ വഴി തായ്‌ലൻഡിലെ മേ സോട്ടുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഹൈവേ.

അതേസമയം, ത്രിരാഷ്ട്ര പാതയുടെ പൂർത്തീകരണത്തിനും പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള സമയപരിധി സംബന്ധിച്ച് മന്ത്രി വിശദാംശങ്ങൾ നൽകിയില്ല. തന്ത്രപ്രധാനമായ ഹൈവേ പദ്ധതി വൈകുകയാണ്. നേരത്തെ, 2019 ഡിസംബറോടെ ഹൈവേ പ്രവർത്തനക്ഷമമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.