എസ്ബിഐയ്ക്കും വ്യാജ ബ്രാഞ്ച് ഇട്ട് തട്ടിപ്പുകാർ; പൂട്ടിച്ച് അധികൃതര്‍

single-img
30 September 2024

ഈ കാലഘട്ടത്തിൽ എവിടെ നോക്കിയാലും എന്തിനും വ്യാജനാണ്. പക്ഷെ ഒരു ബാങ്കിന്റെ ബ്രാഞ്ച് തന്നെ വ്യാജമായി ഉണ്ടാക്കിയാലുള്ള അവസ്ഥ ഒന്ന് ആലോചിക്കാമോ . ഇവിടെയിതാ, ഛത്തീസ്ഗഢിലെ സക്തി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. എസ്ബിഐ ബാങ്കിന്റെ വ്യാജ ബ്രാഞ്ച് ഇട്ട് പണം തട്ടാനായിരുന്നു ശ്രമം.

സംസ്ഥാനത്തെ മാല്‍ക്കറൗഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഛപ്പോറ എന്ന ഗ്രാമത്തിലായിരുന്നു സംഭവം. വാടകയ്ക്കെടുത്ത കടമുറിയില്‍ എസ്ബിഐയുടെ പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ച് തട്ടിപ്പിന് നീക്കം നടത്തിയത്. സംശയം തോന്നിയ ചിലര്‍ പരാതിയുമായി രംഗത്തെത്തിയതോടെ വിവരം എസ്ബിഐ അധികൃതര്‍ അറിഞ്ഞു.തുടർന്ന് എസ്ബിഐ റീജിണല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതോടെ ബ്രാഞ്ച് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ വെളളിയാഴ്ച പൊലീസ് പരിശോധനയ്ക്കായി എത്തുമ്പോള്‍ ഇവിടെ അഞ്ച് ജീവനക്കാരുള്‍പ്പെടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. കംപ്യൂട്ടറുകളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. അഭിമുഖത്തിലൂടെയാണ് തങ്ങള്‍ക്ക് ജോലി ലഭിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

അതേസമയം, ബ്രാഞ്ച് മാനേജരെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ബി എൻ എസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ എത്ര പേരെ കബളിപ്പിച്ചുവെന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചോയെന്നും ഉള്‍പ്പെടെയുളള വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.