ചികിത്സാ ധനസഹായത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിൽ തട്ടിപ്പ്; പരാതി

single-img
19 December 2023

ചികിത്സാ ധനസഹായത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിൽ ചിലർ തട്ടിപ്പ് നടത്തുന്നതായി പരാതി. ക്യാന്‍സര്‍ രോഗബാധിതനായ യുവാവിനായി പിരിക്കുന്ന പണം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് പോകുന്നതാണ് ആരോപണം. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസക്കാരനായ കാന്‍സര്‍ ബാധിതനായ യുവാവിന്റെ ചികിത്സാ ധനസഹായത്തിനായി നാട്ടുകാര്‍ സമിതി രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസുകാരനും മുന്‍ പഞ്ചായത്ത് മെമ്പറുമായസണ്ണി ജോര്‍ജ്, ആ വാര്‍ഡിലെ പൊതുപ്രവര്‍ത്തകനും സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറുമായ ബിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചത്.

ഇതിനുവേണ്ടി രണ്ടുപേരുടെയും പേരില്‍ ബാങ്കില്‍ ഒരു ജോയിന്റ് അക്കൗണ്ടും നിലവിലുണ്ട്. പക്ഷെ ചികിത്സ ധനസഹായം എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിന്റെ ക്യു ആര്‍ സ്‌കാനിലൂടെ പണം ശേഖരിച്ചു എന്നാണ് പരാതി.സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം സംഭവം ചോദ്യം ചെയ്തു ധാരാളം പേര്‍ രംഗത്തെത്തിയതോടുകൂടി അക്കൗണ്ടിലേക്ക് എത്തിയ പണം ചികിത്സാ സഹായനിധിയെ ഏല്‍പ്പിച്ചതായും തനിക്കെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റിലൂടെ പറയുന്നത്.

പക്ഷെ യുവാവിന് വേണ്ടി കൊക്കയാര്‍ പഞ്ചായത്തിലെ നാട്ടുകാരുടെ ചികിത്സാ സഹായനിധിയും അക്കൗണ്ടും ഉള്ളപ്പോള്‍ ആ പഞ്ചായത്തുകാരന്‍ പോലും അല്ലാത്ത ഒരു വ്യക്തിയുടെ ഗൂഗിള്‍ പേയിലേക്ക് ഫണ്ട് ശേഖരണം നടത്തിയത് എന്തിനാണ് എന്ന് വ്യക്തമാക്കണം എന്നാണ് നാട്ടുകാരും ഡിവൈഎഫ്‌ഐയും ആവശ്യപ്പെടുന്നു.