തിയേറ്ററുകളെ ചടുലമാക്കാൻ അണിയറയില്‍ ഒരുങ്ങുന്നത് നാല് സുരേഷ് ഗോപി ചിത്രങ്ങള്‍

single-img
6 August 2022

തിയേറ്ററുകളിൽ ഇപ്പോൾ പാപ്പന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ശക്തമായ മഴയിലും കേരളത്തില്‍ നിന്നു മാത്രം ബമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. പൂർണ്ണമായും ഒരു ത്രില്ലര്‍ ചിത്രമായ പാപ്പനില്‍ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.അതേസമയം, സുരേഷ് ഗോപിയുടെ കൂടുതല്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

പ്രശസ്ത സംവിധായകൻ ജയരാജ്, ഷാജി കൈലാസ്, മാത്യു തോമസ്, രാഹുല്‍ രാമചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളിലാണ് സുരേഷ് ഗോപി പ്രധാന വേഷമിടുന്നത്. ജയരാജ് തന്നെ നേരത്തെ സംവിധാനം ചെയ്ത ഹൈവേയുടെ രണ്ടാം ഭാഗമാണ് ഇനി വരാനിരിക്കുന്നത്.

മറ്റൊന്ന്, കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി നായകനാകുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെല 251-ാം ചിത്രമാണിത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപിയുടെ മറ്റൊരു പ്രോജക്ട്. ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തില്‍ അനുഷ്‌ക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായാണ് സുരേഷ് ഗോപി വേഷമിടുന്നത്.

പുതുമുഖമായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍, മുകേഷ്, ജോജു, ജോണി ആന്റണി ഉള്‍പ്പെടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിദേശത്ത് ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകളില്‍ ചിത്രീകരണം നടത്തുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലേഷ്യയാണ് പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.

ഇതിനെല്ലാം പുറമെ സുരേഷ് ഗോപി – ജിബു ജേക്കബ് ചിത്രമായ ‘മേ ഹും മൂസ’ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തും. ഒരു പാന്‍- ഇന്ത്യന്‍ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇതെന്ന് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് മേ ഹൂം മൂസ.


മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇവയ്ക്ക് പുറമെ വിജയ് ആന്റണിയുടെ ‘തമിളരശന്‍’, നിഥിന്‍ രഞ്ജിപ്പണിക്കരുടെ ലേലം 2 എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്.