കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് ഇന്ന് ചുമതലയേല്‍ക്കും

single-img
26 January 2023

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് ഇന്ന് ചുമതലയേല്‍ക്കും.

ഡല്‍ഹി കേരള ഹൗസിന്റെ പ്രത്യേക പ്രതിനിധിയായാണ് ചുമതലയേല്‍ക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയാണ് കെ വി തോമസിന്റെ നിയമനം.

ചുമതലയേറ്റ ശേഷം കെ വി തോമസ് റിപ്പബ്ലിക് ദിനത്തില്‍ കേരള ഹൗസില്‍ ദേശീയ പതാക ഉയര്‍ത്തും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച എ സമ്ബത്ത് ഉപയോഗിച്ചിരുന്ന മുറി തന്നെയാകും കെ വി തോമസിന്റെയും ഓഫീസ്.

കഴിഞ്ഞ സംസ്ഥാന മന്ത്രിസഭായോഗമാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയ്ക്ക് പോകുന്നതിന് മുമ്ബായി കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തിന്റെ ആവശ്യങ്ങളായി കേന്ദ്ര സര്‍ക്കാരിനു മുമ്ബാകെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിക്ക് വിലയാവശ്യപ്പെട്ടതും കിഫ്ബിവഴി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടത്തില്‍ കണക്കാക്കുന്നതും ചര്‍ച്ചാവിഷയമായി. എയിംസ് അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യവും കെ വി തോമസ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.