പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്ന് ബിജെപിയില്‍ ചേരും

single-img
19 September 2022

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്ന് ബിജെപിയില്‍ ചേരും. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍ നിന്നും അമരീന്ദര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

അമരീന്ദര്‍ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസും ബിജെപിയില്‍ ലയിക്കും.

ഏഴ് മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും അമരീന്ദറിനൊപ്പം ബിജെപിയില്‍ ചേരും. ക്യാപ്റ്റന്റെ മകന്‍ രണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിംഗ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നേക്കും.

കഴിഞ്ഞയാഴ്ച അമരീന്ദര്‍ സിങ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി പ്രവേശനം ഊര്‍ജ്ജിതമായത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റനെ ബിജെപി പഞ്ചാബിലെ മുഖമായി അവതരിപ്പിച്ചേക്കും. ബിജെപിയില്‍ ചേര്‍ന്നശേഷം അമരീന്ദര്‍ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചേക്കും.

മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച്‌ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അമരീന്ദറിന്റെ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു.