കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി ബിജെപി അംഗത്വം രാജിവെച്ചു

single-img
12 April 2023

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം ലക്ഷ്മണ്‍ സാവഡി രാജിവച്ചു.

സീറ്റ് കിട്ടാത്തതാണ് രാജിക്ക് കാരണമെന്ന് സ്ഥിരീകരിച്ചു. നാലാം യെദിയൂരപ്പ മന്ത്രിസഭയില്‍ 2019 മുതല്‍ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡി.യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവാണ്. ഗനിഗ ലിംഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവുമാണ്. 2004 മുതല്‍ 2018 വരെ ബെലഗാവി ഉത്തര്‍ എംഎല്‍എയായിരുന്നു. 2018-ല്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019-ല്‍ കുമത്തള്ളി കൂറ് മാറി ബിജെപിയിലെത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.

അന്ന് കുമത്തള്ളിക്ക് സീറ്റ് നല്‍കിയപ്പോള്‍ 2023-ല്‍ തനിക്ക് സീറ്റ് നല്‍കുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നല്‍കിയതാണെന്ന് സാവഡി പറയുന്നു. കുമത്തള്ളിക്ക് 2019-ല്‍ സീറ്റ് നല്‍കിയപ്പോള്‍ സാവഡിക്ക് എംഎല്‍സി സ്ഥാനം ബിജെപി നല്‍കിയിരുന്നു. എന്നാല്‍ രമേശ് ജര്‍ക്കിഹോളി കുമത്തള്ളിക്ക് ഇത്തവണയും സീറ്റ് നല്‍കിയേ തീരൂ എന്ന് വാശി പിടിച്ചു. ബിജെപി കേന്ദ്രനേതൃത്വം കൂറ് മാറിയെത്തിയവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു.