നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്തു; യുവാവിനെതിരെ വനംവകുപ്പ് നടപടി
5 September 2026

സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയുടെ പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് നിയമനടപടികൾ ആരംഭിച്ചു. ചിത്രം വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കുട്ടിയാർ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വന്യജീവി വിഭവ സംരക്ഷണ നിയമപ്രകാരം പ്രത്യേക സംരക്ഷണമുള്ള അപൂർവ സസ്യവർഗമാണ് നീലക്കുറിഞ്ഞി. ഇവയുടെ പൂക്കൾ പറിച്ചെടുക്കുന്നതും ചെടികൾക്ക് നാശനഷ്ടം വരുത്തുന്നതും ജാമ്യമില്ലാ കുറ്റവും കടുത്ത നിയമനടപടികൾക്ക് വഴിവെക്കുന്നതുമാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്നാർ റേഞ്ച് ഓഫിസർ എസ്. ബിജുവിന്റെ മേൽനോട്ടത്തിലാണ് കേസിൽ വിശദമായ അന്വേഷണം നടക്കുന്നത്.


