വേനൽ : കുപ്പിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

single-img
13 March 2024

വേനൽ കനക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ, കോളകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് സുരക്ഷിതമല്ല. അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം, വിൽപന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി.

സൂര്യപ്രകാശം ഏൽക്കുന്ന വിധം കുപ്പിവെള്ളം വിൽപനയ്ക്കു ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോൾ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതിൽ വെള്ളത്തിൽ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തിൽ ഇതു കണ്ടെത്താൻ കഴിയില്ല.

വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ ജില്ലയിൽ നടന്നുവരികയാണെന്നും, വെയിൽ ഏൽക്കുന്ന രീതിയിൽ ഇവ സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ തുറന്ന വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളിൽ വിൽപനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങൾ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കണം.

കടകൾക്കു വെളിയിൽ വെയിൽ കൊള്ളുന്ന രീതിയിൽ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.