ഗവേഷകവിദ്യാര്‍ഥിനിയുടെ പരാതിക്ക് പിന്നാലെ എം ജി കോളജ് മുന്‍പ്രിന്‍സിപ്പലിന്റെ ഗൈഡ് പദവി റദ്ദാക്കി

single-img
22 May 2023

ഗവേഷകവിദ്യാര്‍ഥിനിയുടെ പരാതിക്ക് പിന്നാലെ എം ജി കോളജ് മുന്‍പ്രിന്‍സിപ്പല്‍ നന്ത്യത്ത് ഗോപാലകൃഷ്ണന്റെ ഗൈഡ് പദവി കേരള സര്‍വകലാശാല റദ്ദാക്കി.

മോശമായി പെരുമാറിയെന്നാരോപിച്ച്‌ ഗവേഷകവിദ്യാര്‍ഥിനി നല്‍കിയ പരാതി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണസമിതി ശരിവെച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഗൈഡ് പദവി റദ്ദാക്കാന്‌‍ തീരുമാനിച്ചത്.

‌അധ്യാപകന്റെ പെരുമാറ്റവും സമീപനവും കടുത്ത മാനസികസംഘര്‍ഷം സൃഷ്ടിച്ചെന്നാരോപിച്ച്‌ ഒരുവര്‍ഷം മുമ്ബാണ് വിദ്യാര്‍ഥിനി പരാതിനല്‍കിയത്. 2021 വിദ്യാര്‍ഥിനി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ആദ്യം അധ്യാപകനെ മാറ്റി നടപടി സ്വീകരിച്ച സര്‍വകലാശാല വിദ്യാര്‍ഥിനി ആരോപണത്തില്‍ ഉറച്ചുനിന്നതോടെ പരാതി ആഭ്യന്തര അന്വേഷണസമിതിക്കു കൈമാറുകയായിരുന്നു. പരാതി ശരിവെച്ച്‌ ആഭ്യന്തരസമിതി റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ അധ്യാപകന്റെ ഗൈഡ് പദവി റദ്ദാക്കാന്‍ തീരുമാനിച്ചെന്ന് കേരള സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു.

അതേസമയം, സിന്‍ഡിക്കേറ്റ് നടപടിക്കെതിരേ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കുമെന്ന് നന്ത്യത്ത് ഗോപാലകൃഷ്ണന്‍ പറഞ്ഞു. അന്വേഷണസമിതിമുമ്ബാകെ തെളിവുസഹിതം തന്റെ ഭാഗം വിശദീകരിച്ചിരുന്നെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ വി സിക്ക് പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വി സിയുടെ അസാന്നിധ്യത്തിലാണ് സിന്‍ഡിക്കേറ്റ് നടപടിയെടുത്തതെന്നാണ് അറിയുന്നത്. ഇതിനുപിന്നില്‍ ആരുടെയോ ആസൂത്രണമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.